Awaaz Do

Monday, July 26, 2010

പ്രതീക്ഷയോടെ....

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു അകന്ന ബന്ധുവിനെ കാണാന്‍ ബംഗ്ലൂരിലെ ഒരു കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടി വന്നു. പൊതുവേ ഹോസ്പിറ്റലില്‍ പോകുന്നത് വളരെ അപൂര്‍വമാണ്. കാരണം മറ്റുള്ളവര്‍ എന്ത് മാത്രം കഷ്ടപെടുന്നു എന്ന് കാണുമ്പോള്‍ എന്തോ ഒരു വെപ്രാളം.... നമുക്ക് ഇത് നാളെ വന്നാലോ? എന്നത് ആലോചിച് കുറെ പേടി കൂടി... എങ്കിലും ഒട്ടും ഒഴിച്ച് കൂടാന്‍ പറ്റാത്തത് കൊണ്ട് പോകേണ്ടി വന്നു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ ലോകത്ത് എത്രപേരാ ഇങ്ങനെ കഷ്ടപെടുന്നെ? ഈശ്വരന്‍ ഇതെല്ലം ചെയ്യുന്നതില്‍ കാര്യം ഉണ്ടാകാം, വിവരമുള്ളവര്‍ പറയുന്നത് "പൂര്‍വ ജന്മ പാപഫലം" എങ്കിലും എന്തോ ഒരു വിമ്മിഷ്ടം..... ചിലപ്പോള്‍ ജീവിച്ചു തുടങ്ങാത്തത് കൊണ്ട് വല്യ പക്വത വരാത്തത് കൊണ്ടാകാം.... കാശു ചിലവാക്കാന്‍ എന്ത് തന്നെ നാം തയ്യാറാണ്, എങ്കിലും ആ വേദന സഹിക്കാന്‍ കഴിയണ്ടേ?

ആ ദിവസം ഞാന്‍ ഇരിക്കുന്ന സമയത്ത് തന്നെ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ക്കെങ്കിലും കാന്‍സര്‍ സ്ഥിതീകരിച്ചിരുന്നു. അതില്‍ എത്രയെത്ര കുട്ടികള്‍, ജീവിതം തുടങ്ങാത്ത എത്ര യുവാക്കള്‍.... ജീവിതത്തില്‍ എപ്പോഴെങ്കിലും ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ സൌഭാഗ്യങ്ങളില്‍ അഹങ്കരിക്കുകയോ അല്ല തലക്കനം കാണിക്കുകയോ ചെയ്തിരുന്നെങ്കില്‍ അത് അന്ന് അവിടെ തീര്‍ന്നിരുന്നു...

എന്റെ കുടുംബബന്ധുവിന് കാന്‍സര്‍ സ്ഥിതീകരിച്ചു കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ചികിത്സയിലാണ്.. രോഗം പൂര്‍ണമായി മാറി എന്ന് വരുമ്പോഴാണ് അറിയുന്നത് പിന്നീടത്‌ നട്ടെല്ലില്‍ അഫെക്റ്റ് ചെയ്തുവെന്നത്. അത് ചികില്‍സിച്ചപ്പോള്‍ ക്രമേണ അത് ശരീരത്തിലെ നാഡികളെ ബാധിച്ചിരിക്കുന്നു.... എങ്കിലും ആ കുടുംബം പ്രതീക്ഷ കൈവിടുന്നില്ല... വരുന്നവരോട് ചിരിച്ചു സംസാരിക്കാന്‍ അവര്‍ ആരും മറക്കുന്നില്ല.

എങ്കിലും ഒടുവില്‍ ആ ബന്ധുവിന്റെ ഭര്‍ത്താവു എന്നോടൊരു ചോദ്യം ചോദിച്ചു, "How do you feel , did she recover ?

I was struck....

"Lets Hope She Will!"

Friday, July 23, 2010

യാത്രാനുഭവം 2

ഏറണാകുളം - തിരുവനന്തപുരം യാത്രക്കിടയില്‍ ലഭിച്ച മറ്റൊരു അനുഭവം ഓര്‍ത്തു പോകുകയാണ്. സ്ഥിരമായി യാത്ര ചെയ്യുന്ന ജനശതാബ്ദി വണ്ടിയിലാണ് യാത്ര. സംഗതി വേറൊന്നുമല്ല. ഒരു സഹയാത്രികയുടെ പെരുമാറ്റങ്ങള്‍ പിടിക്കാതെ വന്നപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. സംഭവം ഇതാണ്:ഭക്ഷണ അവശിഷ്ടങ്ങള്‍,ബിസ്കറ്റ് കവര്‍, എന്തിനു അവര്‍ ചൂടിയിരുന്ന മുല്ല പൂവുവരെ എന്തോ നിധി സൂക്ഷിക്കുന്ന പോലെ തൊട്ടടുത്ത സീറ്റില്‍ (എന്റെയും ആ സ്ത്രീയുടെയും നടുവിലത്തെ സീറ്റ്)സൂക്ഷിച്ചു വെച്ച് കൊണ്ടിരുന്നു. ആദ്യം ഞാന്‍ വിചാരിച്ചത് ഇവ ഏതെങ്കിലും സ്റ്റേഷനില്‍ വലിച്ചെറിയാന്‍ എന്നാണ്. പക്ഷെ ഓരോ സ്റ്റേഷന്‍ വന്നു പോയി. എല്ലാം യഥാസ്ഥാനത് തന്നെ. നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, "എന്തിനാ ഇങ്ങനെ ഇത് ഇവിടെ കൂട്ടി വെക്കുന്നേ, ആ ജന്നലില്‍ കൂടി കളഞ്ഞൂടെ?" പ്രതീക്ഷിച്ച മറുപടി ഉടന്‍ കിട്ടി,"This is none of your business" എത്രയോ പറഞ്ഞു നോക്കി, വളരെ തര്‍കിച്ചു പരിചയമില്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥന്റെ സഹായം തേടേണ്ടി വന്നു. "വാദി പ്രതിയായെന്നു പറഞ്ഞാല്‍ മതിയല്ലോ", ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ആ മഹിള രത്നത്തിന്റെ വിധം മാറി. "അവരെ ഞാന്‍ സ്വൈര്യമായി യാത്ര ചെയ്യാന്‍ സമ്മതിക്കുന്നില്ല" എന്നായി കഥ
നടന്ന സംഭവം ഞാന്‍ അദ്ദേഹത്തോട് വിശദമായി പറഞ്ഞു കൊടുത്തപ്പോഴോ, "അത് മോനൊന്നു എടുത്തു കളഞ്ഞൂടെ" എന്ന് ഉദ്യോഗസ്ഥനും. പക്ഷെ സ്ഥിതി കൂടുതല്‍ വഷളാകും എന്ന് മനിസിലായപ്പോള്‍ കൊല്ലം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി സ്റ്റേഷന്‍ സ്വീപ്പര്‍ അത് ക്ലീന്‍ ചെയ്യേണ്ടി വന്നു, അപ്പോഴും നടക്കുന്നതൊന്നും അറിയാത്ത മട്ടില്‍ ആ സ്ത്രീ രത്നം ഒരു പുതിയ ബിസ്കറ്റ് കവര്‍ കൂടി പൊട്ടിച്ചു.......:-)

ഇതാണ് ഇന്നത്തെ അവസ്ഥ, എന്ത് പറയാന്‍ ഇത് കലികാലം........

Thursday, July 22, 2010

യാത്രാനുഭവം 1

ജീവിതത്തില്‍ പലപ്പോഴും മറക്കാനാവാത്ത അനുഭവങ്ങളാണ് യാത്രകളിലൂടെ ചിലപ്പോള്‍ ലഭിക്കുന്നത്.... അതിലൊന്നാണ് ഇന്ന് ഞാന്‍ എഴുതുന്നത്‌:....

ഒരു നാലും മറക്കാനാവാത്ത ഒരു യാത്രയാണ് ആദ്യമായി ജോലി ലഭിച്ച ദിവസം ചെയ്തത്.... ജോലിക്കായുള്ള ഓഫര്‍ ലെറ്റര്‍ വാങ്ങാനായി ഏറണാകുളം വരേണ്ടി വന്നു.... മുന്‍ നിശ്ചയ പ്രകാരം എല്ലാം ഉച്ചക്ക് മുന്പേ ലഭിക്കുമെന്ന് കരുതി തിരികെ യാത്രക്കുള്ള ടിക്കറ്റും കൂടെ എടുത്തിരുന്നു.... ചില കാരണങ്ങളാല്‍ ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ സമയം 5 .1 5 PM . ട്രെയിന്‍ പുറപ്പെടുന്ന സമയം 5 .25 PM . രണ്ടു സ്ഥലങ്ങള്‍ തമ്മിലെ ദൂരം മുക്കാല്‍ കിലോമീറ്റര്‍ ആയതിനാല്‍ ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല.... രണ്ടും കല്പിച്ചു ഞാന്‍ സ്റ്റേഷന്‍ നോക്കി വിട്ടു.. പോയ വഴിയില്‍ ലക്കും ലഗാനും ഇല്ലാത്തതിനാല്‍ അരുടെയെല്ലമോ വക ചീത്തവിളി വാങ്ങിയതായി ഓര്‍കുന്നു.... സ്റ്റേഷന്‍ കവാടം എത്തിയപ്പോള്‍ സമയം 5 .23 PM .
അപ്പോഴേക്കും നമ്മുടെ റെയില്‍വേ ചേച്ചിയുടെ വിളിയും "യാത്രക്കാരുടെ ശ്രദ്ധക്ക്....."
അത് കേട്ടപ്പോള്‍ പിന്നെ സ്പീഡ് ആറു അറുപതിലാക്കി... പക്ഷെ പ്ലാറ്റ്ഫോം എത്തിയപ്പോഴോ ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു..... പിന്നെ സിനിമയില്‍ കാണിക്കുന്ന പോലെ വീര സാഹസങ്ങള്‍ ഒന്നും തന്നെ കാണിക്കാതെ നടന്നു, എവിടെ???? ബസ്‌സ്റ്റാണ്ടിലേക്ക്.....

അന്ന് ഞാന്‍ മനസിലാക്കി "ജീവിതത്തില്‍ കുറെ നല്ല കാര്യങ്ങള്‍ നമ്മെ തേടിയെത്തുമ്പോള്‍ പകരം കുറെ കാര്യം നഷ്ടപെടും....."

Wednesday, July 21, 2010

മരണമെന്ന സത്യം.....

"ഇന്ന് ബ്ലോഗുലോകത്ത് അലയുമ്പോള്‍ കണ്ടതാണ് മനോജേട്ടന്റെ അച്ഛന്റെ വിയോഗ വിവരം... സത്യം പറഞ്ഞാല്‍ മനോജേട്ടനുമായി എനിക്ക് ഒരു പരിചയവുമില്ല.... എങ്കിലും മരണം എന്ന് പറയുമ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം......"

ദിനംപ്രതി നാലഞ്ചു ആംബുലന്സിന്റെ ചൂളം വിളി കേള്‍ക്ക്കാറുണ്ട്.... അപ്പോഴെല്ലാം "ആര്‍ക്കും ഒന്നും സംഭവിക്കരുതേ" എന്നെ പ്രാര്‍ത്ഥിക്കുകയുള്ളു.....
ആരായാല്‍ എന്താ മരണം, അതിന്റെ ഒടുവില്‍ മിച്ചം വരുന്നത് "നഷ്ടം, സങ്കടം, കരച്ചില്‍, വിരഹം......"

അത് പാവപെട്ടവനായാല്‍ എന്താ പണക്കാരനായാല്‍ എന്താ? നഷ്ടം നഷ്ടമാണ്.......

"മരണം", അത് വിധിയുടെ കോടതിയില്‍ ജയിക്കും..... അത് നിശ്ചയം.....

"ഇന്ന് നീ.... നാളെ "ഞാന്‍".....

Thursday, July 8, 2010

ഞാന്‍ എഴുതുന്നു !

എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍, നിങ്ങളുമായി ഇവിടെ ഞാന്‍ പങ്കുവെക്കുന്നു. ഇതൊരു ആത്മകഥയൊന്നുമല്ല.... അതെഴുതാന്‍ മാത്രം എനിക്ക് പ്രായമായില്ല :-)

നിങ്ങളുടെ പ്രതികരണവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്...

പ്രണവം രവികുമാര്‍