Awaaz Do

Thursday, December 16, 2010

സ്വാതി സംഗീതോത്സവം 2011

സംഗീത പ്രേമികള്‍ക്ക്, ഇതാ കര്‍ണാടക സംഗീത കച്ചേരി ആസ്വദിക്കാന്‍ അവസരം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ (ഗര്‍ഭ ശ്രീമാന്‍) രാമവര്‍മ്മയുടെ ഓര്‍മയില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്വാതി സംഗീതോത്സവം ഈ വര്‍ഷവും നടത്തുന്നു.ഈ വര്‍ഷത്തെ സ്വാതി സംഗീതോത്സവം ജനുവരി 6 മുതല്‍ 12 വരെ കോട്ടയ്ക്കകം കുതിര മാളികയില്‍. എല്ലാ ദിവസവും വൈകുന്നേരം 6 മണിയ്ക്കാണ് കച്ചേരി ആരംഭിക്കുന്നത്..കല, സാഹിത്യം, സംസ്കാരം, സംഗീതം എന്നീ മൂല്യങ്ങളെ വളര്‍ത്തുക എന്നത് കൈവിടാതെ ഇന്നും തിരുവിതാംകൂര്‍ രാജവംശം പ്രവര്‍ത്തിക്കുന്നു എന്നതിനൊരു ഉദാഹരണം കൂടിയാണ് ഈ സംഗീതോത്സവം... പ്രഗല്‍ഭരായ സംഗീത വിദ്വാന്മാരെ ഒരു കുടയ്ക്ക് കീഴില്‍ ഒന്നിച്ചു ലഭിക്കുന്ന ഈ അവസരം പ്രിയപ്പെട്ട സംഗീത പ്രേമികള്‍ ഉപയോഗിക്കണം എന്നൊരു അപേക്ഷ...

Tuesday, November 2, 2010

"കൊച്ചുരവിയുടെ തിരുവനന്തപുരം യാത്ര"

മന്ത്രിയുടെ അമേരിക്കന്‍ പര്യടനം, ഗുരുജി പൂനെയില്‍, ഇങ്ങനെ എത്രയെത്ര തലകെട്ടുകള്‍.... ഇതെല്ലാം കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ പര്യടനം അറിയിക്കാന്‍.... ഈ മാസത്തെ എന്റെ പര്യടനം ദാ ചുവടെ കൊടുക്കുന്നു വളരെ ചുരുക്കി....

"കൊച്ചുരവിയുടെ തിരുവനന്തപുരം യാത്ര"


നവംബര്‍ ഒന്‍പതാം തീയതി ധര്‍മപുരിയില്‍ നിന്നും ഗരിബ് രഥത്തില്‍ കൊച്ചുവേളി വരെ... രഥം കൊച്ചുവേളിക്ക് എത്തുന്നത്‌ പത്താം തീയതി ഉച്ചക്ക്.അവിടെ എന്റെ സാരഥിയായ "സാമി" വണ്ടിയുമായി കാത്തുനില്‍ക്കും... കൂടെ വരവേല്‍ക്കാന്‍ എത്തുന്നവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ല... പിന്നീട് അറിയിക്കാം... അവിടെ നിന്ന് വേളി, GV RAJA സ്കൂള്‍, പേട്ട, ഈഞ്ചക്കല്‍, വഴി വന്ന് പടിഞ്ഞാറേ കോട്ടവാതില്‍ വഴി കോട്ടക്കുള്ളിലേക്ക് പ്രവേശിക്കും... അറിഞ്ഞ സ്ഥലമായതാല്‍ അവിടെന്നു വീട് വരെ വരുന്ന വഴിയില്‍ കാണുന്നവരെ കൈകാണിച്ചു ആങ്ങ്യം നല്‍കും... വീട്ടില്‍ കയറിയാല്‍ പിന്നെ ആദ്യമായി അമ്മയുടെ വക വല്ലതും തിന്നാന്‍ കിട്ടുമെന്ന് പ്രതീക്ഷ... മുന്‍ നിശ്ചയപ്രകാരം മെനു അയച്ചു കൊടുത്തിട്ടുണ്ട്‌...പത്താം തീയതി ഉച്ചക്ക് സാമ്പാറും കാബേജു തോരനും പപ്പടവും എന്നാ തോന്നുന്നേ.... അതിനു ശേഷം അയല്‍ക്കാരോട് ഹാജര്‍ വെക്കുകയാണ് അടുത്ത കര്‍മം.... അവരുടെ വക കുറേ ഉപദേശങ്ങള്‍ കൂടെയും... അതിനു ശേഷം സാമിയെ വിളിച്ചു വരുത്തി ഒന്ന് കറങ്ങാന്‍ ഇറങ്ങുക... പാളയം സാഫല്യം കോമ്പ്ലെക്സില്‍ നിന്നും ഷാര്‍ജ ഷേക്ക്‌, ഒരു വെജ് പഫ്സും.... അതിനു ശേഷം വീട്ടില്‍ വന്ന് ഒരു കുളി... പിന്നെ ഈ യാത്രയുടെ മുഖ്യ അജണ്ട ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആയതാല്‍ അതിനു വേണ്ടിയുള്ള അമ്പലത്തില്‍ പോക്കാണ് വൈകുന്നേരം.... രണ്ടു നേരത്തെ ശീവേലിയാണ്... ഒന്ന് 4 .30 നും മറ്റേതു 8 .30 നും... ഇടയിലുള്ള സമയം വല്ല ചായക്കോ കടിക്കോ വിനിയോഗിക്കും.... ശീവേലിക്ക് ശേഷം വീട്ടില്‍ എത്തുക, അപ്പോഴേക്കും കാണാനായി എത്തിയവര്‍ക്ക് മുഖം കൊടുക്കും..... പിന്നെ വല്ലതും തിന്നിട്ടു ഉറങ്ങും, ഇതാണ് പത്താം തീയതി itinery ....


പതിനൊന്നാം തീയതി രാവിലെ അമ്പലത്തില്‍ തൊഴല്‍, ശംഖുമുഖം, ലൈബ്രറി, ഇങ്ങനെ ഉച്ച വരെ സമയം നിയോഗിക്കും. അതിനു ശേഷം ഒരു സ്വകാര്യ സന്ദര്‍ശനം.. ഉച്ചക്ക് തിന്നാന്‍ വല്ല വെജ് ഹോട്ടല്‍ തപ്പണം.... അതിനു ശേഷം ഒരു ബ്ലോഗ്‌ സുഹൃത്തിനെ കാണാനായുള്ള പോക്ക്.... പിന്നീട് അമ്പലത്തില്‍ ശീവേലി തൊഴല്‍ . ഇതു 11ആം തീയതി... 12നു രണ്ടു കൊട്ടാര സന്ദര്ശനമാ മുഖ്യ വിഷയം. ശേഷം മറ്റൊരു ബ്ലൊഗറെ സന്ദര്ശിക്കണം. 13നു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനു പങ്കെടുക്കുക മാത്രമെ ഉള്ളൂ... 14നു കുറച്ചു കൂട്ടുകാരുമൊത്തൊരു ഔട്ടിങ്... പിന്നീടു ഒരു കര്‍ണ്ണാടക സംഗീതകച്ചേരി കേള്‍ക്കാനായി പോകണം. 15നു ഇതു വരെ ആരും ബൂക്കിങ് ആയിട്ടില്ല .... എങ്കില്‍ അറിയിക്കാം.. തിരിച്ച് യാത്ര 15നു വൈകുന്നേരം 4 മണിക്കു കൊച്ചുവേളിയില്‍നിന്നും...

ഇതിന്റെ കുറേ അല്ലറ ചില്ലറ കറക്കവും...

Thursday, August 26, 2010

"ലോകാ സമസ്താ സുഖിനോ ഭവന്തു!

ജീവിതത്തില്‍ മറക്കാനാകാത്ത, എന്നെ വളരെ വിഷമിപ്പിച്ച മറ്റൊരു സംഭവം ഇന്ന് ഞാന്‍ എഴുതുന്നു..

ജോലിക്കായി 22 km എന്നും യാത്ര ചെയ്യുന്നു. അതിനിടയില്‍ എന്നും ഒരുപാട് കാഴ്ചകളാണ് കാണുന്നത്. തമിഴ്നാടിലെ ഹോസുരിലാണ് എന്റെ താമസം. വീടിന്റെ വളരെ ദൂരയല്ലാതെ ഒരു ആശ്രിത മന്ദിരം ഉണ്ട് . പത്തു മുപ്പതു കുട്ടികള്‍, കുറെ മധ്യ വയസ്കര്‍, അതിലേറെ വയോവൃദ്ധര്‍, ഇവിടത്തെ അന്തേവാസികള്‍. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പുറപ്പെടുന്ന അതേ സമയത്താണ് ഈ കുട്ടികളും പഠിക്കാനായി സ്കൂളിലേക്ക് പോകുന്നത്. ആദ്യകാഴ്ചയില്‍ നല്ല ചന്തതോടെയാണ് അവരുടെ നടത്തം... പണ്ട് ബഷീര്‍ പറഞ്ഞ പോലെ "സ്വപ്നത്തില്‍ എന്ന പോലെ" മൂന്നുപേരുടെ പുറകില്‍ മൂന്നു പേര്‍, അങ്ങനെ ഒരു ഇരുപതു പേരുണ്ട്. ഒരുപോലെ യൂണിഫോം, ഒരേ വേഗതയിലെ നടത്തം... വയസ്സില്‍ ഏറ്റവും മൂത്തതായ നാലുപേരാണ് ഇവരുടെ ലീഡര്‍... ഇവരെ ഇങ്ങനെ നോക്കി-നോക്കിയുള്ള നടത്തത്തിന്റെ നടുവിലെന്റെ ചെരുപ്പിന്റെ ഒരു ഭാഗം പൊട്ടിപോയിരുന്നു....വളരെയധികം ബുദ്ധിമുട്ടി കുറെ ദൂരം നടന്നു... നിവൃത്തികെട്ടപ്പോള്‍ ആ ചെരുപ്പ് വലിച്ചെറിഞ്ഞു നടന്നു.... കാലു വയ്യാതെയായി.. നടക്കുന്ന വഴികള്‍ ടാറിട്തൊന്നുമല്ല.. കല്ലും കുഴിയും സുസജ്ജം... കഷ്ടിച്ച് അര കിലോമീറ്റര്‍ നടന്നു... ഒടുവില്‍ ഞാന്‍ കൈ വീശി ഒരു ഓട്ടോ വിളിച്ചു.... എന്തോ ഒരു മരുഭൂമിയില്‍ നിഴല്‍ കിട്ടിയ ആശ്വാസത്തോടെ ഞാന്‍ അതില്‍ ചാടി കയറിയിരുന്നു....

എന്റെ എല്ലാ ചെയ്തികളും ആദ്യം മുതലേ വീക്ഷിച്ചിരുന്ന അതിലെ ഒരു കുട്ടി എന്നോട് ചോദിച്ചു, "എന്താ നടക്കാന്‍ കഴിയുന്നില്ലേ?" ഞാന്‍ ഉടനെ പറഞ്ഞു "ചെരുപ്പില്ലാതെ നടക്കുന്നത് പാടാണ്" അപ്പോള്‍ അവന്‍ തന്റെ കാലുകള്‍ ഉയര്‍ത്തി കാണിച്ചു ... അപ്പോഴാണ്‌ ഞാന്‍ കാണുന്നത് അവനും അവന്റെ കൂട്ടര്‍ക്കും ചെരുപ്പില്ല.... അതില്ലാതെ അവര്‍ എന്നും 3 km ദൂരയുള്ള സ്കൂളില്‍ പഠിച്ചിട്ടു വരുന്നു... പിന്നീട് ഞാന്‍ അന്വേഷിച്ചു അറിഞ്ഞത്, കഴിക്കാന്‍ വല്ല വിധേന കുറെ വിശാലമനസ്കര്‍ നല്‍കുന്നത് തട്ടിമുട്ടി തികയുന്നു... പുസ്തകം അവര്‍ തമ്മില്‍ പങ്കുവെച്ചാണ് പഠിക്കുന്നത്... എന്നാല്‍ ആകുന്ന ഒരു സഹായം ഞാന്‍ ചെയ്തു....

ഇതു ഞാന്‍ അറിഞ്ഞത്. നമുക്കു അറിയാത്തത് എത്രയൊ ഇനിയും. ഈശ്വരന്‍ സഹായിക്കട്ടെ... അരുടെയെങ്കിലും രൂപത്തില്‍.

"ലോകാ സമസ്താ സുഖിനോ ഭവന്തു!

Thursday, August 19, 2010

ഞാനൊരു മൊബൈല്‍ ഭ്രാന്തന്‍!

ഞാനൊരു മൊബൈല്‍ ഭ്രാന്തന്‍:, ഓരോ ഓഫര്‍ ഇറക്കി ഉപഭോക്തകളെ പറ്റിച്ചു കാശുണ്ടാകുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ച ഒരു ഭ്രാന്തന്‍:, ഇപ്പോള്‍ ഞാന്‍ അവതരിച്ചിരിക്കുന്നത് എസ് എം എസ് ഭ്രാന്തനായിട്ടാണ്.... ദിവസം 200 എസ് എം എസ് അയച്ചു എന്റെ മൊബൈല്‍ ഓപ്പറേറ്റര്‍ കമ്പനിയെ മുടിപ്പിക്കുന്നു.... വേറെ പ്രതേകിച്ചു പണിയൊന്നും ഇല്ലാലോ.... അതുകൊണ്ട് ആദ്യമേ പറയാം എന്റെ മൊബൈലില്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതയോ ഒരു എസ് എം എസ് അയച്ചാല്‍ സംഗതി പോക്കാണ്.... പിന്നെ എസ് എം എസ് ഭ്രാന്തന്‍ നിങ്ങളെ വിടില്ല.... (ഇതൊരു ബുദ്ധിമുട്ടില്ല എന്ന് കരുതുന്നവര്‍ എസ് എം എസ് അയച്ചോളൂ... ഞാന്‍ സത്യത്തില്‍ ഭ്രാന്തന്‍ ഒന്നുമല്ല.... ചുമ്മാ പറഞ്ഞതാ.... പക്ഷെ ലവന്‍മാര്‍ക്ക് ഒരു പണികൊടുകണ്ടേ?അതാണ്.... )

Monday, August 2, 2010

ശുദ്ധി; മനസ്സിനോ, ജാതിക്കോ?

കുറച്ചു ദിവസം മുമ്പേ എന്റെ ഒരു കുടുംബ ബന്ധുവിന് വന്നൊരു അനുഭവം ഇന്ന് എഴുതുന്നു.... സമുദായത്തില്‍ മുന്‍പന്തിയിലുള്ള ഒരു കുടുംബത്തില്‍ നടന്നൊരു സംഭവമാണ്. കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം കാലം ചെയ്തതിനു ശേഷമുള്ള ഒരു മരണാനന്തര ക്രിയകളിലും ഞാന്‍ പറഞ്ഞ കുടുംബം, കുടുംബത്തിലെ ഒരു വ്യക്തിയെ മാത്രം മാറ്റി നിര്‍ത്തി. കാരണം കേട്ടാല്‍ പല പഴയ സിനിമകളും ഓര്‍ത്തു പോകും. ഒഴുവാക്കിയ വ്യക്തിക്ക് ബ്രാഹ്മണ്യം ഇല്ല എന്നതാണ് കാരണം, ചിലപ്പോള്‍ അവര്‍ പങ്കെടുത്താല്‍ മരിച്ചു പോയ വ്യക്തിക്ക് ശാന്തി ലഭിക്കില്ല എന്നാണ് ന്യായവും. കഷ്ടം തോന്നി, ഈ കാലത്തും പഴഞ്ചന്‍ ചിന്തകള്‍ :-((.

ഇന്നും ആ അവഗണന തുടരുന്നു....! എന്താ ഒരു പ്രതിവിധി.... ഇങ്ങനെ കുറെ എഴുത്ത് (http://varmasri.blogspot.com/2010/05/blog-post.html),കുറെ ചര്‍ച്ചകള്‍... ചെയ്യുന്നവന്‍ അവനു തോന്നുന്നതെ ചെയ്യുകയുള്ളൂ. ഇവരുടെ നയം ഒന്നേ ഉള്ളു, "തല്ലണ്ട അമ്മാവാ, ഞാന്‍ നന്നാവൂലാ!"

എത്ര തന്നെ ജാതിയില്ല മതമില്ല മനുഷ്യരെ ഉള്ളു എന്നൊക്കെ പറഞ്ഞാലും ഇപ്പോഴും സമുദായത്തില്‍ ഇതുപോലുള്ള കുറച്ചുപേര്‍ ജീവിച്ചിരിപ്പുണ്ട്. "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് പറഞ്ഞ മഹാത്മാക്കളെ ഇവര്‍ക്ക് അറിയാമോ എന്തോ? ഒരു വ്യക്തിയുടെ ഐഡന്റിറ്റി ഇന്നും ജാതിയിലാണോ അതോ നല്ല മനസിലോ? ഇതാണ് എനിക്ക് ആദ്യം തോന്നിയത്, ചോദിക്കാനുള്ളതും . മനസ്സിന് ശുദ്ധി പോരെ, ഇനി ജാതിക്കും വേണമോ?

Sunday, August 1, 2010

Happy Friendship Day!!!

അങ്ങനെ ഒരു friendship day കൂടി കഴിഞ്ഞു പോയിരുക്കുകയാണ്... ലോകത്തിലെ എല്ലാപേരും ആഘോഷിക്കുന്നൊരു ദിവസമാണ്... ഈ അവസരത്തില്‍ എന്റെ കൂട്ടുകാര്‍ക്കും ഞാന്‍ പതിവിലും നേരത്തെ തന്നെ ആശംസകള്‍ എസ് എം എസ് ആയും, ഇ-മെയില്‍ വഴിയും, നേരിട്ടും അറിയിച്ചിരുന്നു... തിരിച്ചും അതുപോലെ....

നമ്മുടെ സംസ്കാരത്തില്‍ ഇതുപോലെ പല ദിവസങ്ങളും നമ്മള്‍ ആഘോഷിച്ചു തുടങ്ങുന്നത് ഈയിടെ തൊട്ടാണ്... ഒരു വശം നോക്കിയാലൊരു ഓര്മ പുതുക്കല്‍ എന്ന് തന്നെ പറയാം... ഇതുപോലുള്ള അവസരങ്ങള്‍ നമ്മുടെ കൂട്ടുകാരെ വിളിക്കാനും ഓര്‍മ്മകള്‍ പങ്കുവെക്കാനും നമുക്ക് സഹായിക്കുന്നു... എന്നാല്‍ മറുവശത്ത് ഇത് പോലുള്ള ആഘോഷ ദിവസങ്ങള്‍ മാത്രമേ ചിലവര്‍ ഓര്‍കുന്നുള്ളൂ
എന്നത് ദുഃഖ സത്യാമാണ്... ന്യായങ്ങള്‍ ഒരുപാട്.... അതിനാണോ പഞ്ഞം?

"കാലത്തിനൊത്ത കോലങ്ങള്‍:"

പതിവ് തെറ്റിക്കുന്നില്ല, "എല്ലാവര്‍ക്കും എന്റെ friendship day wishes"

Monday, July 26, 2010

പ്രതീക്ഷയോടെ....

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു അകന്ന ബന്ധുവിനെ കാണാന്‍ ബംഗ്ലൂരിലെ ഒരു കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടി വന്നു. പൊതുവേ ഹോസ്പിറ്റലില്‍ പോകുന്നത് വളരെ അപൂര്‍വമാണ്. കാരണം മറ്റുള്ളവര്‍ എന്ത് മാത്രം കഷ്ടപെടുന്നു എന്ന് കാണുമ്പോള്‍ എന്തോ ഒരു വെപ്രാളം.... നമുക്ക് ഇത് നാളെ വന്നാലോ? എന്നത് ആലോചിച് കുറെ പേടി കൂടി... എങ്കിലും ഒട്ടും ഒഴിച്ച് കൂടാന്‍ പറ്റാത്തത് കൊണ്ട് പോകേണ്ടി വന്നു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ ലോകത്ത് എത്രപേരാ ഇങ്ങനെ കഷ്ടപെടുന്നെ? ഈശ്വരന്‍ ഇതെല്ലം ചെയ്യുന്നതില്‍ കാര്യം ഉണ്ടാകാം, വിവരമുള്ളവര്‍ പറയുന്നത് "പൂര്‍വ ജന്മ പാപഫലം" എങ്കിലും എന്തോ ഒരു വിമ്മിഷ്ടം..... ചിലപ്പോള്‍ ജീവിച്ചു തുടങ്ങാത്തത് കൊണ്ട് വല്യ പക്വത വരാത്തത് കൊണ്ടാകാം.... കാശു ചിലവാക്കാന്‍ എന്ത് തന്നെ നാം തയ്യാറാണ്, എങ്കിലും ആ വേദന സഹിക്കാന്‍ കഴിയണ്ടേ?

ആ ദിവസം ഞാന്‍ ഇരിക്കുന്ന സമയത്ത് തന്നെ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ക്കെങ്കിലും കാന്‍സര്‍ സ്ഥിതീകരിച്ചിരുന്നു. അതില്‍ എത്രയെത്ര കുട്ടികള്‍, ജീവിതം തുടങ്ങാത്ത എത്ര യുവാക്കള്‍.... ജീവിതത്തില്‍ എപ്പോഴെങ്കിലും ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ സൌഭാഗ്യങ്ങളില്‍ അഹങ്കരിക്കുകയോ അല്ല തലക്കനം കാണിക്കുകയോ ചെയ്തിരുന്നെങ്കില്‍ അത് അന്ന് അവിടെ തീര്‍ന്നിരുന്നു...

എന്റെ കുടുംബബന്ധുവിന് കാന്‍സര്‍ സ്ഥിതീകരിച്ചു കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ചികിത്സയിലാണ്.. രോഗം പൂര്‍ണമായി മാറി എന്ന് വരുമ്പോഴാണ് അറിയുന്നത് പിന്നീടത്‌ നട്ടെല്ലില്‍ അഫെക്റ്റ് ചെയ്തുവെന്നത്. അത് ചികില്‍സിച്ചപ്പോള്‍ ക്രമേണ അത് ശരീരത്തിലെ നാഡികളെ ബാധിച്ചിരിക്കുന്നു.... എങ്കിലും ആ കുടുംബം പ്രതീക്ഷ കൈവിടുന്നില്ല... വരുന്നവരോട് ചിരിച്ചു സംസാരിക്കാന്‍ അവര്‍ ആരും മറക്കുന്നില്ല.

എങ്കിലും ഒടുവില്‍ ആ ബന്ധുവിന്റെ ഭര്‍ത്താവു എന്നോടൊരു ചോദ്യം ചോദിച്ചു, "How do you feel , did she recover ?

I was struck....

"Lets Hope She Will!"

Friday, July 23, 2010

യാത്രാനുഭവം 2

ഏറണാകുളം - തിരുവനന്തപുരം യാത്രക്കിടയില്‍ ലഭിച്ച മറ്റൊരു അനുഭവം ഓര്‍ത്തു പോകുകയാണ്. സ്ഥിരമായി യാത്ര ചെയ്യുന്ന ജനശതാബ്ദി വണ്ടിയിലാണ് യാത്ര. സംഗതി വേറൊന്നുമല്ല. ഒരു സഹയാത്രികയുടെ പെരുമാറ്റങ്ങള്‍ പിടിക്കാതെ വന്നപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. സംഭവം ഇതാണ്:ഭക്ഷണ അവശിഷ്ടങ്ങള്‍,ബിസ്കറ്റ് കവര്‍, എന്തിനു അവര്‍ ചൂടിയിരുന്ന മുല്ല പൂവുവരെ എന്തോ നിധി സൂക്ഷിക്കുന്ന പോലെ തൊട്ടടുത്ത സീറ്റില്‍ (എന്റെയും ആ സ്ത്രീയുടെയും നടുവിലത്തെ സീറ്റ്)സൂക്ഷിച്ചു വെച്ച് കൊണ്ടിരുന്നു. ആദ്യം ഞാന്‍ വിചാരിച്ചത് ഇവ ഏതെങ്കിലും സ്റ്റേഷനില്‍ വലിച്ചെറിയാന്‍ എന്നാണ്. പക്ഷെ ഓരോ സ്റ്റേഷന്‍ വന്നു പോയി. എല്ലാം യഥാസ്ഥാനത് തന്നെ. നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, "എന്തിനാ ഇങ്ങനെ ഇത് ഇവിടെ കൂട്ടി വെക്കുന്നേ, ആ ജന്നലില്‍ കൂടി കളഞ്ഞൂടെ?" പ്രതീക്ഷിച്ച മറുപടി ഉടന്‍ കിട്ടി,"This is none of your business" എത്രയോ പറഞ്ഞു നോക്കി, വളരെ തര്‍കിച്ചു പരിചയമില്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥന്റെ സഹായം തേടേണ്ടി വന്നു. "വാദി പ്രതിയായെന്നു പറഞ്ഞാല്‍ മതിയല്ലോ", ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ആ മഹിള രത്നത്തിന്റെ വിധം മാറി. "അവരെ ഞാന്‍ സ്വൈര്യമായി യാത്ര ചെയ്യാന്‍ സമ്മതിക്കുന്നില്ല" എന്നായി കഥ
നടന്ന സംഭവം ഞാന്‍ അദ്ദേഹത്തോട് വിശദമായി പറഞ്ഞു കൊടുത്തപ്പോഴോ, "അത് മോനൊന്നു എടുത്തു കളഞ്ഞൂടെ" എന്ന് ഉദ്യോഗസ്ഥനും. പക്ഷെ സ്ഥിതി കൂടുതല്‍ വഷളാകും എന്ന് മനിസിലായപ്പോള്‍ കൊല്ലം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി സ്റ്റേഷന്‍ സ്വീപ്പര്‍ അത് ക്ലീന്‍ ചെയ്യേണ്ടി വന്നു, അപ്പോഴും നടക്കുന്നതൊന്നും അറിയാത്ത മട്ടില്‍ ആ സ്ത്രീ രത്നം ഒരു പുതിയ ബിസ്കറ്റ് കവര്‍ കൂടി പൊട്ടിച്ചു.......:-)

ഇതാണ് ഇന്നത്തെ അവസ്ഥ, എന്ത് പറയാന്‍ ഇത് കലികാലം........

Thursday, July 22, 2010

യാത്രാനുഭവം 1

ജീവിതത്തില്‍ പലപ്പോഴും മറക്കാനാവാത്ത അനുഭവങ്ങളാണ് യാത്രകളിലൂടെ ചിലപ്പോള്‍ ലഭിക്കുന്നത്.... അതിലൊന്നാണ് ഇന്ന് ഞാന്‍ എഴുതുന്നത്‌:....

ഒരു നാലും മറക്കാനാവാത്ത ഒരു യാത്രയാണ് ആദ്യമായി ജോലി ലഭിച്ച ദിവസം ചെയ്തത്.... ജോലിക്കായുള്ള ഓഫര്‍ ലെറ്റര്‍ വാങ്ങാനായി ഏറണാകുളം വരേണ്ടി വന്നു.... മുന്‍ നിശ്ചയ പ്രകാരം എല്ലാം ഉച്ചക്ക് മുന്പേ ലഭിക്കുമെന്ന് കരുതി തിരികെ യാത്രക്കുള്ള ടിക്കറ്റും കൂടെ എടുത്തിരുന്നു.... ചില കാരണങ്ങളാല്‍ ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ സമയം 5 .1 5 PM . ട്രെയിന്‍ പുറപ്പെടുന്ന സമയം 5 .25 PM . രണ്ടു സ്ഥലങ്ങള്‍ തമ്മിലെ ദൂരം മുക്കാല്‍ കിലോമീറ്റര്‍ ആയതിനാല്‍ ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല.... രണ്ടും കല്പിച്ചു ഞാന്‍ സ്റ്റേഷന്‍ നോക്കി വിട്ടു.. പോയ വഴിയില്‍ ലക്കും ലഗാനും ഇല്ലാത്തതിനാല്‍ അരുടെയെല്ലമോ വക ചീത്തവിളി വാങ്ങിയതായി ഓര്‍കുന്നു.... സ്റ്റേഷന്‍ കവാടം എത്തിയപ്പോള്‍ സമയം 5 .23 PM .
അപ്പോഴേക്കും നമ്മുടെ റെയില്‍വേ ചേച്ചിയുടെ വിളിയും "യാത്രക്കാരുടെ ശ്രദ്ധക്ക്....."
അത് കേട്ടപ്പോള്‍ പിന്നെ സ്പീഡ് ആറു അറുപതിലാക്കി... പക്ഷെ പ്ലാറ്റ്ഫോം എത്തിയപ്പോഴോ ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു..... പിന്നെ സിനിമയില്‍ കാണിക്കുന്ന പോലെ വീര സാഹസങ്ങള്‍ ഒന്നും തന്നെ കാണിക്കാതെ നടന്നു, എവിടെ???? ബസ്‌സ്റ്റാണ്ടിലേക്ക്.....

അന്ന് ഞാന്‍ മനസിലാക്കി "ജീവിതത്തില്‍ കുറെ നല്ല കാര്യങ്ങള്‍ നമ്മെ തേടിയെത്തുമ്പോള്‍ പകരം കുറെ കാര്യം നഷ്ടപെടും....."

Wednesday, July 21, 2010

മരണമെന്ന സത്യം.....

"ഇന്ന് ബ്ലോഗുലോകത്ത് അലയുമ്പോള്‍ കണ്ടതാണ് മനോജേട്ടന്റെ അച്ഛന്റെ വിയോഗ വിവരം... സത്യം പറഞ്ഞാല്‍ മനോജേട്ടനുമായി എനിക്ക് ഒരു പരിചയവുമില്ല.... എങ്കിലും മരണം എന്ന് പറയുമ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം......"

ദിനംപ്രതി നാലഞ്ചു ആംബുലന്സിന്റെ ചൂളം വിളി കേള്‍ക്ക്കാറുണ്ട്.... അപ്പോഴെല്ലാം "ആര്‍ക്കും ഒന്നും സംഭവിക്കരുതേ" എന്നെ പ്രാര്‍ത്ഥിക്കുകയുള്ളു.....
ആരായാല്‍ എന്താ മരണം, അതിന്റെ ഒടുവില്‍ മിച്ചം വരുന്നത് "നഷ്ടം, സങ്കടം, കരച്ചില്‍, വിരഹം......"

അത് പാവപെട്ടവനായാല്‍ എന്താ പണക്കാരനായാല്‍ എന്താ? നഷ്ടം നഷ്ടമാണ്.......

"മരണം", അത് വിധിയുടെ കോടതിയില്‍ ജയിക്കും..... അത് നിശ്ചയം.....

"ഇന്ന് നീ.... നാളെ "ഞാന്‍".....

Thursday, July 8, 2010

ഞാന്‍ എഴുതുന്നു !

എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍, നിങ്ങളുമായി ഇവിടെ ഞാന്‍ പങ്കുവെക്കുന്നു. ഇതൊരു ആത്മകഥയൊന്നുമല്ല.... അതെഴുതാന്‍ മാത്രം എനിക്ക് പ്രായമായില്ല :-)

നിങ്ങളുടെ പ്രതികരണവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്...

പ്രണവം രവികുമാര്‍